കേരള പി എസ് സി മലയാളം മാത്രം തിരയുക    

Guide

തക്ഷശില സര്‍വകലാശാല

ബി.സി.ഇ. അഞ്ചാം നൂറ്റാണ്ടില്‍ ഗാന്ധാരത്തിന്റെ തലസ്ഥാനമായ തക്ഷശിലയില്‍ സ്ഥാപിതമായ ഉന്നതപഠനകേന്ദ്രമാണ്‌ തക്ഷശില സര്‍വകലാശാല. തക്ഷശിലയെ സര്‍വകലാശാല എന്നു വിശേഷിപ്പിക്കാമോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനിര്‍ക്കുന്നുണ്ട്. തക്ഷശില നിലനിന്നിരുന്ന പ്രദേശം ഇന്നത്തെ പാകിസ്താനിലെ റാവല്‍പിണ്ടിയിലാണ്‌. ഏതാണ്ട് ആറാം നൂറ്റാണ്ടുവരെ അതായത് 1200 വര്‍ഷക്കാലത്തോളം ഈ സര്‍വകലാശാല നിലനിന്നിരുന്നു. ഹൂണന്മാരാണ് ഈ സര്‍വകലാശാല ആക്രമിച്ച് തകര്‍ത്തത്. ചാണക്യന്‍, പാണിനി, ചരകന്‍ തുടങ്ങിയവര്‍ ഇവിടത്തെ അദ്ധ്യാപകരായിരുന്നു. അലക്സാണ്ടറുടെ ആക്രമണകാലത്തുതന്നെ ഇവിടെ ഒരു പരിഷ്കൃതനഗരം നിലനിന്നിരുന്നെന്ന് ഖനനങ്ങളിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

തക്ഷശില സര്‍വകലാശാല സ്ഥാപിച്ചത് ഭരതചക്രവര്‍ത്തി ആണ്‌ എന്ന് ഒരു ഐതിഹ്യമുണ്ട്. മഹാഭാരതം ആദ്യമായി പാരായണം ചെയ്യപ്പെട്ടത് ഇവിടെയാണെന്നും, തോമാശ്ലീഹ ഇവിടം സന്ദര്‍ശിച്ചുവെന്നും ഐതിഹ്യങ്ങളുണ്ട്. തക്ഷശില എന്നാല്‍ വെട്ടുകല്ല് എന്നാണ്‌ അര്‍ത്ഥം. വെട്ടുകല്ല് ഉപയോഗിച്ചായിരുന്നു ഈ സര്‍വകലാശാല നിര്‍മ്മിച്ചിരുന്നത്. ഭരതന്റെ പുത്രനായ തക്ഷന്റെ ശില എന്നും ഐതിഹ്യമുണ്ട്.

നളന്ദ സര്‍വകലാശാല

പുരാതന ഇന്ത്യയിലെ ഒരു സര്‍വകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെന്‍ഷ്യല്‍ സര്‍വകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈല്‍ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സര്‍വകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തന്‍ (നരസിംഹബാലാദിത്യന്‍) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാര്‍ത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവര്‍ പഠിച്ചിരുന്നത്. 427 മുതല്‍ 1197 വരെയുള്ള എണ്ണൂറു വര്‍ഷക്കാലത്തോളം നളന്ദ പ്രവര്‍ത്തിച്ചു.

ഒരു കവാടമുള്ളതും ഉയര്‍ന്ന മതിലുകള്‍ കെട്ടി വേര്‍തിരിച്ചതുമായിരുന്നു സര്‍വകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത്. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയില്‍ ഏതാണ്ട് പതിനായിരം വിദ്യാര്‍ത്ഥികള്‍ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വര്‍ഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളില്‍ നിന്ന് ധനസഹായം ലഭിച്ചിരുന്നു. ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഷ്വാന്‍ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. നളന്ദയില്‍ ഒരുകാലത്ത് പ്രധാനാദ്ധ്യാപകനായിരുന്നു ശീലഭദ്രന്‍. പാണ്ഡിത്യം മൂലം തെക്കുകിഴക്കേ ഏഷ്യയില്‍ മുഴുവന്‍ അദ്ദേഹം പ്രശസ്തനായിരുന്നു. ശീലഭദ്രന്റെ പ്രശസ്തിയാണ്‌ ഷ്വാന്‍ ത് സാങിനെ നളന്ദ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്ന് അഭിപ്രായമുണ്ട്. പ്രശസ്ത ബുദ്ധമതചിന്തകനും ആയുര്‍വേദാചാര്യനുമായ നാഗാര്‍ജുനനും നളന്ദയിലെ അദ്ധ്യാപകനായിരുന്നു.

1193-ല്‍ ബക്തിയാര്‍ ഖില്‍ജി നളന്ദാസര്‍വകലാശാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സര്‍വകലാശാല ഒരു നൂറുവര്‍ഷം കൂടി നിലനിന്നുവെങ്കിലും അധ:പതനത്തിലേക്ക് കൂപ്പുകുത്തി.

രാജ്‌ഗിറിന് പതിനഞ്ചു കിലോമീറ്റര്‍ ദൂരെയാണ് നളന്ദയുടെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 800 വര്‍ഷങ്ങളായി ഈ അവശിഷ്ടങ്ങള്‍ അങ്ങനെ കിടക്കുന്നു. ഏകദേശം 1,50,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ ഈ അവശിഷ്ടങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. ഹുയാന്‍സാങിന്റെ വിവരണം അടിസ്ഥാനമാക്കി നോക്കിയാല്‍ നളന്ദയുടെ 90 ശതമാനം ഭാഗവും ഇനിയും ചികഞ്ഞെടുത്തിട്ടില്ല. നശിച്ച് ആയിരത്തോളം വര്‍ഷങ്ങള്‍ക്കു ശേഷം നളന്ദ സര്‍വകലാശാല ഇന്ന് പുനര്‍നിര്‍മ്മിക്കാനൊരുങ്ങുന്നതായി വാര്‍ത്തയുണ്ട്.
0 Responses

Post a Comment

Bookmark and Share
Subscribe RSS © കേരള പി എസ് സി | മലയാളം