കേരള പി എസ് സി മലയാളം മാത്രം തിരയുക    

Guide
കുലശേഖര സാമ്രാജ്യത്തിന്റെ അധ:പതനത്തെ തുടര്‍ന്ന്(1102) നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്രനാട്ടുരാജ്യങ്ങള്‍ പിറവിയെടുത്തു. ഇവയില്‍ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മുന്നിട്ടുനിന്നിരുന്ന ശക്തികള്‍ വേണാട്, കോലത്തുനാട്, കോഴിക്കോട്, കൊച്ചി എന്നീ രാജ്യങ്ങള്‍ ആയിരുന്നു. മറ്റെല്ലാ നാട്ടുരാജ്യങ്ങളും അവിടത്തെ ഭരണാധികാരികളും മേല്‍ പറഞ്ഞ രാജ്യങ്ങളുടെ മേല്‍ക്കോയ്മ അംഗീകരിച്ചു കൊണ്ട് അവയുടെ നിയന്ത്രണത്തിലും ആശ്രയത്തിലും ആയിരുന്നു. എന്നാല്‍ കാലക്രമേണ ഉണ്ടാ‍യ രാഷ്ട്രീയ ധ്രുവീകരണത്തെ തുടര്‍ന്ന് കൊച്ചിയും കോലത്തുനാടും കോഴിക്കോട് സാമൂതിരിക്ക് വിധേയമായി . നായര്‍ മാടമ്പിമാര്‍, നമ്പൂതിരി പ്രഭുക്കന്‍മാര്‍ തുടങ്ങിയവര്‍ സ്വന്തം പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ച് അധികാരം ഉറപ്പിക്കാന്‍ തുടങ്ങി. അതുവരെ ക്ഷേത്രസംബന്ധമായ ഉത്തരവാദിത്തങ്ങളുണ്ടായിരുന്ന നമ്പൂതിരിമാര്‍ രാജ്യഭരണപരമായ കാര്യങ്ങളില്‍ അനിയന്ത്രിതമായ അധികാ‍രങ്ങള്‍ കൈയാളാന്‍ തുടങ്ങി. രാജാവിനുപോലും വിധേയരല്ലാത്ത ഇവര്‍ കുടിയാന്‍മാരുടെ മേല്‍ കൊല്ലും കൊലയും നടത്തിയിരുന്നു. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തുമ്പോള്‍ പരസ്പരവൈരവും അധികാരമത്സരവും കൊണ്ട് ശിഥിലമാ‍യ നാട്ടുരാജ്യങ്ങളും അതുകൊണ്ടുതന്നെ രാഷ്ട്രീയ ഐക്യം നഷ്ടപ്പെട്ട ഒരു കേരളവുമാണ് അവര്‍ക്ക് ഇവിടെ കാണാന്‍ കഴിഞ്ഞിരുന്നത്. ഇക്കാലത്ത് കേരളത്തില്‍ നിലനിന്നിരുന്ന നാട്ടുരാജ്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
പെരുമ്പടപ്പു സ്വരൂപം
പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു. പിന്നീട് കൊച്ചി രാജ്യം തിരുവിതാംകൂറിനോട് ചേര്‍ത്ത് തിരുക്കൊച്ചി രൂപീകൃതമായി.മഹോദയപുരത്തെ കുലശേഖരരാജാക്കന്‍മാരുടെ അമ്മ വഴിക്കുള്ള പിന്‍ ന്തുടര്‍ച്ചക്കാരാണ് പെരുമ്പടപ്പുസ്വരൂപമെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായം. 13നാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോള്‍ ഇവരുടെ ആസ്ഥാനം കൊച്ചിയിലേക്കു മാറ്റുകയുണ്ടായി.
എളയടത്തു സ്വരൂപം
വേണാട്ടു രാജവംശത്തിന്റെ ഒരു ശാഖയായിട്ടാ‍യിരുന്നു ഈ രാജവംശം ഉദ്ഭവിച്ചത്. കന്നേറ്റി മുതല്‍ തിരുവനന്തപുരം വരെയുള്ള കടല്‍ത്തീരപ്രദേശങ്ങളും, തിരുവനന്തപുരത്തിനു വടക്കുള്ള ഭുപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, അവിടെ ഭരണം നടത്തിയ ഒരു പുതിയ രാജവംശമായി എളയടത്തുസ്വരൂപം നിലവില്‍ വന്നു. നെടുമങ്ങാട്, കൊട്ടാരക്കര, പത്തനാപുരത്തിന്റെയും ചെങ്കോട്ടയുടെയും ചില ഭാഗങ്ങള്‍ എന്നിവ ഈ വംശത്തിന്റെ അധികാരപരിതിയില്‍ ഉള്‍പ്പെട്ടിരുന്നവയാണ്. കിളിമാനൂരിനടുത്തുള്ള ‘കുന്നുമ്മേല്‍’ ആയിരുന്നു ആദ്യം ഇവര്‍ തലസ്ഥാ‍നം സ്ഥാപിച്ചിരുന്നതെങ്കിലും പിന്നീട് അത് കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിച്ചു. 1742-ല്‍ മാര്‍ത്താണ്ഡ വര്‍മ്മ ഈ രാജ്യത്തെ തിരുവിതാംകൂറില്‍ ലയിപ്പിച്ചു. കഥകളിയുടെ പൂര്‍വരൂപമായിരുന്ന രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധനായ കൊട്ടാരക്കര തമ്പുരാന്‍ ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു.
ദേശിങ്ങനാട് സ്വരൂപം
ആറ്റിങ്ങലിനും കൊട്ടാരക്കരയ്ക്കുമിടയ്ക്കാണ് കൊല്ലം ആസ്ഥാനമാക്കി ദേശിംഗനാട് സ്ഥിതി ചെയ്തിരുന്നത്.കൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ജയസിംഹന്‍ എന്ന രാജാവിനോടുള്ള ആദരസൂചകമായിട്ടാണ് ജയസിംഹനാട് എന്ന പേര്‍ വന്നതെന്നും, പില്‍ക്കാലത്ത് അത് ദേശിങ്ങനാടെന്ന് ആയതാണെന്നും പറയപ്പെടുന്നു. മലയാള രേഖകളില്‍ ചേതങ്ങനാടെന്നും സംസ്‌കൃത കൃതികളില്‍ ജയസിംഹനാട് എന്നും കാണപ്പെടുന്നു.ഡച്ചുകാരുമായി കരാറുകളും ഇടപാടുകളും നടത്തിയിരുന്നത് ഈ വംശമാണ്. തിരുവിതാംകൂറുമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന കായംകുളം കൊട്ടാ‍രത്തില്‍ നിന്നും, ഈ വംശം ദത്തെടുത്തതിന്റെ ഫലമായി മാര്‍ത്താണ്ഡവര്‍മ്മ ഈ രാജ്യവുമായി യുദ്ധം നടത്തി. കൊല്ലം രാജാവിന്റെ മരണശേഷം ദേശിങ്ങനാട് കായംകുളം രാജ്യത്തിന്റെ അധീനയിലായി. 1746-ല്‍ കായംകുളം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തപ്പോള്‍ ദേശിങ്ങനാടും തിരുവിതാംകൂറിന്റെ ഭാഗമായി മാറി.
ആറ്റിങ്ങല്‍ സ്വരൂപം
തിരുവന്തപുരം ജില്ലയിലെ ഇന്നത്തെ ചിറയിന്‍ കീഴ് താലൂക്കില്‍ പെട്ട എടക്കോട്, ഇളമ്പ, മുദാക്കല്‍, ആലങ്കോട്, അവനവഞ്ചേരി, ആറ്റിങ്ങള്‍, കീഴാറ്റിങ്ങല്‍ എന്നീ ഗ്രാമങ്ങള്‍ കൂടിചേര്‍ന്നതാണ് ഈ സ്വരൂപം. ആകെ പതിനായിരത്തോളം ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുണ്ടായിരുന്ന ഒരു ചെറിയ രാജ്യമായിരുന്നു ഈ സ്വരൂപം. പതിനാലാം നൂറ്റാണ്ടില്‍ വടക്കെമലബാറിലെ കോലത്തിരിരാജാവിന്റെ കൊട്ടാരത്തില്‍ നിന്നും രണ്‍ രാജകുമാരിമാ‍രെ ഉദയമാര്‍ത്താണ്ഡവര്‍മ്മ ദത്തെടുത്തു. അവരില്‍ മൂത്തറാണിക്ക് ആറ്റിങ്ങലും, ഇളയറാ‍ണിക്ക് കുന്നുമ്മേലും ഓരോ കൊട്ടാരങ്ങള്‍ പണിയിപ്പിച്ച് അവിടെ താമസിപ്പിച്ചു. അതിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ ഇവര്‍ക്കായി വിട്ടുകൊടുത്തു. അവിടെനിന്നും നികുതി പിരിക്കാനും സ്വന്തം ആവശ്യത്തിനായി വിനിയോഗിക്കാനുമുള്ള അധികാ‍രം അവര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് പരമാധികാരം നല്‍കിയിരുന്നില്ല. ആറ്റിങ്ങല്‍ റാണിമാരുടെ ആണ്‍മക്കളാണ് പിന്നീട് ദേശിങ്ങനാട്ടും, തൃപ്പാപ്പൂര്‍ (വേണാട്) രാജാക്കന്മാരായി തിര്‍ന്നത്. റാണിമാര്‍ സ്വന്തം നിലയില്‍ വിദേശികളുമായി കരാറുണ്ടാക്കുവാനും, അമിതാധികാരം കയ്യാളാനും ആരംഭിച്ചതോടുകൂടി ഈ രാജ്യത്തെ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറില്‍ ലയിപ്പിച്ചു.
കരുനാഗപ്പള്ളി സ്വരൂപം
യൂറോപ്യന്‍ രേഖകളില്‍ ‘മാര്‍ത്ത്’ എന്നും ‘കര്‍നാപൊളി’ എന്നും പരാമര്‍ശിക്കുന്ന ഈ രാജ്യം കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര എന്നീ താലൂക്കുകളുടെ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. മരുതൂര്‍കുളങ്ങരയായിരുന്നു ഈ രാജ്യത്തിന്റെ ആസ്ഥാനം. കാലക്രമേണ ഈ രാജ്യം കായംകുളത്തിന്റെ അധീനത്തിലാകുകയും മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയതോടുകൂടി തിരുവിതാംകൂറിന്റെ ഭാഗമായി മാറുകയും ചെയ്തു.
കാര്‍ത്തികപ്പള്ളി സ്വരൂപം
യൂറോപ്യന്‍ രേഖകളില്‍ ‘ബെറ്റിമെനി’ എന്നും ‘കാരിമ്പളി’ എന്നും കാണുന്ന ഈ രാജ്യം കായംകുളത്തിനു വടക്കുള്ളഭാഗങ്ങളും, പുറക്കാടിന് തെക്കുള്ളഭാഗങ്ങളും ചേര്‍ന്നാണ് നിലവില്‍ വന്നത്. തിരുവിതാംകൂറിന്റെ ഭാഗമായിമാറുന്നതിനുമുമ്പ് കാര്‍ത്തികപ്പിള്ളിയും കായംകുളത്തിന്റെ അധീനതയിലായിരുന്നു.
കായംകുളം രാജവംശം
ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി എന്നീ താലൂക്കൂകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഈ രാജ്യം. കായംകുളത്തിന്റെ ആദ്യത്തെ പേര് ഓടനാട് എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് എന്നായിരുന്നു. വിവിധകാലങ്ങളിലായി ഓടനാട് ഭരണം നടത്തിയിരുന്ന രാമന്‍ കോതവര്‍മ്മ, രാമന്‍ ആതിച്ചവര്‍മ്മ, രവിവര്‍മ്മ തുടങ്ങിയ രാജാക്കന്മാരെക്കുറിച്ച് കണ്ടിയൂര്‍, ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിലെ ശാസനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പതിഞ്ചാം ശതകത്തില്‍ ഓടനാടിന്റെ ആസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവ എന്ന സ്ഥലത്തേക്ക് മാറ്റി. അതിനുശേഷമാണ് ഈ രാജ്യം കായംകുളം എന്നറിയാന്‍ തുടങ്ങിയത്. നീണ്ടകടല്‍ത്തീരമുള്ള വിസ്തൃതമായ ഒരു രാജ്യമായിരുന്നു കായംകുളം. പോര്‍ച്ചുഗീസുകാരുമായും ഡച്ചുകാരുമായും ഈ രാജ്യത്തിന്‍ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സമീപപ്രദേശത്തുള്ള കാത്തികപ്പള്ളി, കരുനാ‍ഗപ്പള്ളി എന്നീ രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കായംകുളത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്കെതിരെ വടക്കന്‍ രാജ്യങ്ങള്‍ നടത്തിയ കൂട്ടുകെട്ടില്‍ കായംകുളത്തിന് നല്ല പങ്കുണ്ടായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മ ഈ രാജ്യത്തെ തിരുവിതാംകൂറിനോടുചേര്‍ത്തു.
പുറക്കാട് രാജവംശം
യൂറോപ്യന്‍ രേഖകളിലെ പോര്‍ക്കയാണ് പുറക്കാട്. ചെമ്പകശ്ശേരി എന്നും ഈ രാജ്യം അറിയപ്പെടുന്നു. ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളാണ് ഈ രാജ്യത്തെ ഉള്‍പ്പെട്ടിരുന്നത്. ദേവനാരായണന്മാര്‍ എന്ന ബ്രഹ്മണരാജാക്കന്മാരാണ് ചെമ്പകശ്ശേരി വാണിരുന്നത്. കോട്ടയം താലൂക്കിലെ കുടമാളൂരാണ് ഇവരുടെ മൂലകുടുംബം. പോര്‍ച്ചുഗീസുകാരുമായി വളരെ മെച്ചപ്പെട്ട ബന്ധമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത് . ഡച്ച്, ഈസ്റ്റ് ഇന്ത്യാകമ്പനിയുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പുറക്കാട്ടരയന്റെ നേതൃത്വത്തിലുള്ള ഒരു നാവികപ്പട ഈ രാജ്യത്തിനുണ്ടാ‍യിരുന്നു. തിരുവിതാംകൂറുമായുള്ള യുദ്ധത്തില്‍ കായംകുളത്തെ സഹായിച്ചതിന്റെ പേരില്‍ 1746ല്‍ മാര്‍ത്താണ്ഡവര്‍മ്മ ഈ രാജ്യം പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തു.
പന്തളം രാജവംശം
പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍,അടൂര്‍ താലൂക്കുകളുടെ ചില ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഈ രാജ്യം.പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ രാജ്യകുടുംബം എന്ന് വിശ്വസിക്കുന്നു.ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു വലിയ പദവി ഉണ്ടാക്കിക്കൊടുക്കുന്നു.
തെക്കുംകൂര്‍ രാജവംശം
ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചില്‍ താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേര്‍ന്ന പണ്ടത്തെ വെമ്പൊലിനാടിന്‍ റ്റെ തെക്കന്‍ ഭാഗങ്ങളായിരുന്നു തെക്കുംകൂര്‍ രാജ്യം.
വടക്കുംകൂര്‍ ദേശം
പണ്ടത്തെ വെമ്പൊലിനാട് 1100-ല്‍ രണ്ട് ശാഖകളായി പിരിഞ്ഞതില്‍ ഒന്നാണ് വടക്കുംകൂര്‍ ദേശം. ഏറ്റുമാനൂര്‍ , വൈക്കം പ്രദേശങ്ങളും മീനച്ചില്‍ താലൂക്കിന്റെ ഒരു ഭാഗവും ഈ രാജ്യത്തിന്റെ ഭാഗങ്ങള്‍ ആ‍ണ്. ഇവരുടെ ആദ്യത്തെ രാജധാനി കടുത്തുരുത്തി ആയിരുന്നു. പിന്നീട് അത് വൈക്കത്തേക്ക് മാറ്റി. കാരിത്തോട് തലസ്ഥാനമായി (ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകള്‍ ഉള്‍പ്പെട്ടിരുന്ന ) ഉണ്ടായിരുന്ന കീഴ്മലനാട് വടക്കുംകൂറില്‍ ലയിച്ചതോടെ (1600) വേമ്പനാട്ടുകാ‍യല്‍ മുതല്‍ പാണ്ഡ്യരാജ്യത്തിന്റെ പശ്ചിമാതിര്‍ത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. തെക്ക് തെക്കുംകൂറും, വടക്ക് കോതമംഗലവുമായിരുന്നു അതിര്‍ത്തി. ഏറെകാലം പെരുമ്പടപ്പുസ്വരൂപത്തിന്റെ സാമാന്തരാജ്യമായിട്ടാ‍യിരുന്നു വടക്കുംകൂര്‍ നിലനിന്നുപോന്നത്. കായംകുളത്തെ സഹായിച്ചതിന്റെ പേരില്‍ ഈ രാജ്യം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കുകയും രാജാവ് കോഴിക്കോട് അഭയം പ്രാപിക്കുകയും ചെയ്തു (1750). പിന്നീട് അദ്ദേഹത്തെ മാര്‍ത്താണ്ഡവര്‍മ്മ അദ്ദേഹത്തെ അടിത്തൂണ്‍ നല്‍കി ആദരിച്ചു.
പൂഞ്ഞാര്‍ ദേശം
മധുര പാണ്ഡ്യവംശത്തില്‍പ്പെട്ട ഒരു രാജകുടുംബത്തിന്‍റ്റെ ഭരണത്തിലിരുന്ന ചെറിയ രാജ്യമായിരുന്നു പൂഞ്ഞാര്‍. ഈ വംശത്തിന്റെ സ്ഥാപകന്‍ മാനവിക്രമകുലശേഖരപ്പെരുമാളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ പിടിച്ചടക്കിയപ്പോള്‍ പൂഞ്ഞാര്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി.
കരപ്പുറം രാജ്യം
പുരാതന കേരളത്തിലെ ഒരു നാട്ടുരാജ്യമാണ്‌ കരപ്പുറം രാജ്യം. ഇന്നത്തെ ചേര്‍ത്തല താലൂക്ക് ഉള്‍പ്പെട്ടിരുന്ന രാജ്യമാണ് കരപ്പുറം. തെക്ക് പുറക്കാടു മുതല്‍ വടക്ക് പള്ളുരുത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. കൊച്ചിരാജവംശത്തിന്റെ ‘മാടത്തിങ്കല്‍’ ശാഖയുടെ ആസ്ഥാനമായ മാടത്തിന്‍ കര ,കരപ്പുറത്തായിരുന്നു. 72 നായര്‍ മാ‍ടമ്പിമാര്‍ ചേര്‍ന്നാണ് ഈ രാജ്യം ഭരിച്ചുവന്നത്.
അഞ്ചിക്കൈമള്‍ രാജ്യം
എറണാകുളവും, അതിന്റെ പരിസരപ്രദേശങ്ങളും, അഞ്ചികൈമള്‍മാര്‍ എന്ന പ്രബലരായ നായര്‍ മാടമ്പിമാരുടെ വകയായിരുന്നു. ഇവരില്‍ പ്രധാനി ചേരാനല്ലൂര്‍ കര്‍ത്താവായിരുന്നു. ഇവര്‍ മാറിമാറി കൊച്ചിരാജാവിനോടും സാമൂതിരിയോടും കൂറുപുലര്‍ത്തിപോന്നിരുന്നു. ഇവരെ കൂടാ‍തെ മറ്റുചിലശക്തന്മാരായ നായര്‍പ്രമാണിമാരും ഉണ്ടായിരുന്നു. എറണകുളത്തിന് വടക്ക് മുറിയനാട്ടുനമ്പ്യാര്‍, പാലിയത്തച്ചന്‍, കോടശ്ശേരികൈമള്‍, കൊരട്ടികൈമള്‍, ചങ്ങരന്‍ കോതകൈമള്‍, പനമ്പുകാട്ടുകൈമള്‍ എന്നിവരാണ് അവരില്‍ പ്രബലന്മാര്‍, കൊച്ചിരാജാവിനോട് നാമമാത്രമായ വിധേയത്വമേ ഇവര്‍ക്കുണ്ടായിരുന്നുള്ളൂ.
ഇടപ്പള്ളി സ്വരൂപം
ഇടപ്പള്ളി രാജവംശത്തിന് ഇളങ്ങല്ലൂര്‍ സ്വരൂപം എന്നും പേരുണ്ട്. കാല്‍ക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തില്‍ പൂജനടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരി ആയിരുന്നു ഇതിന്റെ സ്ഥാപകന്‍. കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടന്ന് കാല്‍ക്കരെനാട് ഛിന്നഭിന്നമായി. ഇടപ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. 1740-ല്‍ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി ഒരു കരാര്‍ ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മ ഇടപ്പള്ളി ആക്രമിച്ചില്ല. കുന്നത്തുനാട് താലൂക്കിലെ വാഴപ്പള്ളി, കാര്‍ത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1820-ല്‍ ബ്രിട്ടീഷുകാര്‍ ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ല്‍ തിരുവിതാംകൂര്‍ ഭരണത്തില്‍ കീഴിലാക്കി.
പറവൂര്‍ സ്വരൂപം
വീണ്ടിനിവട്ടത്തു സ്വരൂപമെന്നും ഈ രാജ്യത്തിനു പേരുണ്ട്. ഒരു നമ്പൂതിരി നാടുവാഴിയുടെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ ചെറിയ രാജ്യം. ഇന്നത്തെ എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍, പെരിയാറിന്റെ വടക്കുഭാഗത്തുള്ള ദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ഈ നാട്. കൊച്ചിയോടു കൂറുപുലര്‍ത്തി വന്നിരുന്ന ഈ രാജ്യത്തിന് ചില പ്രത്യേക അധികാരങ്ങളും ഉണ്ടാ‍യിരുന്നു. 1764ല്‍ പറവൂരിനെ ധര്‍മ്മരാജാവ് തിരുവിതാംകൂറിന്റെ ഭാഗമാക്കി.
ആലങ്ങാട് ദേശം
ഈ ദേശത്തിന് മങ്ങാട് എന്നും പേരുണ്ടായിരുന്നു. മുത്തേരിപ്പാട് എന്ന് സ്ഥാനപ്പേരുള്ള ഒരു സാമന്തപ്രഭുവിന്‍ റ്റെ ഭരണത്തിലായിരുന്ന ഒരു ചെറിയ രാജ്യമാണിത്. ആദ്യം മങ്ങാട് കൈമളുടെ വകയായിരുന്നു ഇത്. ആലങ്ങാട്, അയിരൂര്‍, ചെങ്ങമനാട്, കോതകുളങ്ങര, മഞ്ഞപ്ര തുടങ്ങിയ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഈ ദേശം.
കൊടുങ്ങല്ലൂര്‍ രാജവംശം
കൊടുങ്ങല്ലൂര്‍ രാജകുടുംബം പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. ഈ വംശത്തിന്റെ ഉത്ഭാവത്തെ കുറിച്ച് വ്യക്തമായ അറിവില്ല. പതിനൊന്നാം നൂറ്റാണ്‍‌ടിന്റെ ആരംഭത്തില്‍ രാജേന്ദ്രചോളന്‍ തിരുവഞ്ചികുളം പിടിച്ചടക്കിയപ്പോള്‍, അദ്ദേഹത്തെ അനുഗമിച്ചിരുന്ന ക്ഷത്രിയസേനാനിയാണ് ഈ വംശം സ്ഥാപിച്ചതെന്ന് ഒരു ഐതീഹ്യം.കൊടുങ്ങല്ലൂര്‍ സ്വരൂപത്തിന്റെ ഒരു ശാഖയായ അയിരൂരിന് പാപ്പിനിവട്ടം എന്നും പേരും ഉണ്ട്. തെക്ക് കൊടുങ്ങല്ലൂര്‍ മുതല്‍ വടക്ക് ചേറ്റുവ വരെ ഈ ദേശം വ്യാപിച്ചിരുന്നു. ഏറെകാലം സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. 1717ല്‍ ഡച്ചുകാര്‍ ഈ നാട് സാ‍മൂതിരിയില്‍ നിന്നും പിടിച്ചെടുത്തു. വെള്ളോസ് നമ്പ്യാര്‍(മാപ്രാണം പ്രമാണി), ചങ്കരങ്കണ്ടകൈമള്‍, ചിറ്റൂര്‍ നമ്പൂതിരി, പഴഞ്ച്ചേരി നായര്‍ തുടങ്ങി ഒട്ടേറെ പ്രഭുക്കന്മാര്‍ അരിയൂരിന്റെയും, കൊടുങ്ങല്ലൂരിന്റെയും സമീപപ്രദേശങ്ങളില്‍ വാ‍ണിരുന്നു. ഇന്ന് കൊടുങ്ങല്ലൂര്‍ കോവിലകം രണ്ട് ശാഖകളില്‍ വ്യാപിച്ച് കിടക്കുന്നു- പുത്തന്‍ കോവിലകം, ചിറയ്ക്കല്‍ കോവിലകം.
തലപ്പിള്ളി
ഇന്നതെ തലപ്പിള്ളി താലൂക്കൂം, പൊന്നാനിതൊട്ട് ചേറ്റുവവരെയുള്ള തീരപ്രദേശങ്ങളും ചേര്‍ന്നതാണ് ഈ രാജ്യം. ഗുരുവായൂര്‍, കുന്നം കുളം, വടക്കാഞ്ചേരി, മുതലായ സ്ഥലങ്ങള്‍ ഈ രാജ്യത്തായിരുന്നു. 18ആം ശതകത്തോടുകൂടി കക്കാട് ശാഖ ഇല്ലാതായി. പിന്നീട് മറ്റ് മൂന്ന് ശാഖകളും ചേര്‍ന്ന് അംഗീകരിച്ചിരുന്ന അവരില്‍ മുത്ത അംഗമായിരുന്നു കക്കാട്ട് കാരണവപ്പാട്. കൊച്ചിരാജാവിന്റെ വടക്കന്‍ പ്രദേശങ്ങളിലെ പ്രധാന സേനാനായകനായിരുന്നു അദ്ദേഹം. തലപ്പിള്ളിയുടെ ദേശവഴികളില്‍ ഏറ്റവും ചെറുതായിരുന്നു മണക്കുളം.
വള്ളുവനാട്
രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകന്‍. ഈ രാജവംശത്തെ അറങ്ങോട്ടുസ്വരൂപം എന്നാണ് അറിയപ്പെട്ടിരുന്നത്. വള്ളുവനാട്ടുരാജാവിന് വള്ളുവക്കോനാതിരി, വെള്ളട്ടിരി, അറങ്ങോട്ട് ഉടയവര്‍, വല്ലഭന്‍ എന്നീപേരുകള്‍ ഉണ്ട്. ഈ രാജ്യത്തിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം( ഇന്നതെ അങ്ങാടിപ്പുറം) ആയിരുന്നു. ഇന്നത്തെ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, എന്നീ താലൂക്കുകളും, പൊന്നാ‍നി, തിരൂര്‍, ഏറനാട് താലൂക്കിന്റെ ചില ഭാഗങ്ങള്‍ എന്നിവയും ചേര്‍ന്നവയാണ് വള്ളുവനാട് രാജ്യം. തിരുനാവായയില്‍ നടത്തിവന്ന മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം വള്ളുവക്കോനാതിരിക്കായിരുന്നു. പിന്നീട് ഒരു യുദ്ധത്തിലൂടെ സാമൂതിരി അത് കൈകലാക്കി. മൈസൂറിന്റെ ആക്രമണകാലത്ത് അട്ടപ്പാടി താഴ്വാരയും ഇന്നതെ ഒറ്റപ്പാലം താലൂക്കിന്റെ ഒരു ഭാഗവും മാത്രമെ ഈ രാജ്യത്തിന്റെ അധീനതിയില്‍ ഉണ്ടായിരുന്നുള്ളൂ, ടിപ്പുവിന്റെ ആക്രമണത്തെ തുടര്‍ന്ന് വള്ളുവനാട്ടുരാജാവ് തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു. മലബാര്‍ ബ്രിട്ടീഷ് അധീനതിയില്‍ ആയപ്പോള്‍ വള്ളുവനാട്ടു രാജാവ് അടിത്തുണ്‍ വാങ്ങി വിരമിച്ചു.
തരൂര്‍ സ്വരൂപം
ഇന്നത്തെ പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ എന്നീ താലൂക്കുകളുടെ മേല്‍ ഒരുകാലത്ത് ആധിപത്യമുണ്ടായിരുന്ന രാജ്യം. ഈ രാജവംശത്തെ തരൂര്‍ സ്വരൂപം എന്നും, രാജാക്കന്‍മാരെ ശേഖരിവര്‍മ്മമാര്‍ എന്നും വിളിച്ചുപോന്നിരുന്നു. പാലക്കാട് രാജാക്കന്മാരുടെ ആദ്യത്തെ ആസ്ഥാനം പൊന്നാനി താലൂക്കിലെ ആതവനാട് അംശം ആ‍യിരുന്നു.
കൊല്ലങ്കോട് രാജ്യം
പാലക്കാടിന് തെക്കുള്ള ഒരു രാജ്യമാണ് ഇത്. ഈ വംശത്തെ വേങ്ങനാട്ടു നമ്പീടികളെന്നും വിളിച്ചിരുന്നു. വീരരവി എന്ന ക്ഷത്രിയപ്രഭുവിന്റെ പിന്തുടര്‍ച്ചക്കാരാണ് ഇവര്‍ എന്നും പറയുന്നുണ്ട്. കൊല്ലങ്കോട്ടും സമീപപ്രദേശത്തുള്ള എട്ടുഗ്രാമങ്ങള്‍ ചേര്‍ത്തതാണ് ഈ രാജ്യം. സാമൂതിരി തെക്കേമലബാര്‍ ആക്രമിച്ചപ്പോള്‍ കൊല്ലംങ്കോട് അദ്ദേഹത്തിന് കീഴടങ്ങി. പിന്നീട് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അടിത്തൂണ്‍ പറ്റി.
കവളപ്പാറ സ്വരൂപം
ഇന്നത്തെ ഒറ്റപ്പാലം താലൂക്കില്‍പ്പെട്ട ഒരു ചെറിയ സ്വരൂപമാണ് കവളപ്പാറ സ്വരൂപം. ഇവിടത്തെ ഭരണാധികാരി കവളപ്പാറമൂപ്പില്‍ നായരായിരുന്നു. ചേരമാന്‍ പെരുമാളിന്റെ വംശത്തില്‍പ്പെട്ടതാണ് ഇവരെന്ന് ഒരു ഐതിഹ്യമുണ്ട്.
വെട്ടത്തുനാട്
പൊന്നാനി, തിരൂര്‍ എന്നീ താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നതാണ് വെട്ടത്തുനാട് അഥവാ താനൂര്‍ രൂപം. താനൂര്‍, തൃക്കണ്ടിയൂര്‍, ചാലിയം, തൃപ്രങ്ങോട് മുതലായ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. രാ‍ജാവ് ക്ഷത്രിയനായിരുന്നു.
പരപ്പനാട്
ഒരു ക്ഷത്രിയവംശമാണ് ഈ സ്വരൂപം. വെട്ടത്തുനാടിന് വടക്കായിട്ടാണ് ഈ രാജ്യം സ്ഥിതിചെയ്യുന്നത്. വടക്കും, തെക്കും എന്നീ രണ്ട് അംശങ്ങളായിട്ടായിരുന്നു. പരപ്പനാട്, തിരൂര്‍ താലൂക്കിന്റെ ചിലഭാ‍ഗങ്ങളായിരുന്നു. തെക്കേപരപ്പനാടിലുള്‍പ്പെട്ടിരുന്നത്. കോഴിക്കോടു താലൂക്കിലെ പന്നിയങ്കരയും, ബേപ്പൂരും, ചെറുവണ്ണൂരും വടക്കേപരപ്പനാടില്‍ ഉള്‍പ്പെട്ടിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാദ്ധത്തില്‍ ടിപ്പുവിന്റെ ആക്രമണത്തിന് മുമ്പ് സാമൂതിരിയുടെ മേല്‍കോയ്മ അംഗീകരിച്ചിരുന്നു. ടിപ്പുവിന്റെ ആക്രമണത്തോടെ ഈ രാജകുടുംബം തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു. ഹരിപ്പാട് കൊട്ടാരം ഇവര്‍ നിര്‍മ്മിച്ചതാണ്.
കുറുമ്പ്രനാട്
ഇന്നത്തെ കൊയിലാണ്ടി,കോഴിക്കോട് താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ന്നുണ്ടാ‍യതാണ് കുറുമ്പ്രനാട് രാജ്യം. കോട്ടയവുമായി ബന്ധമുണ്ടായിരുന്ന കുറുമ്പ്രനാട് രാജാക്കന്മാര്‍ ക്ഷത്രിയന്മാരായിരുന്നു.
കടത്തനാട്
ഘടോല്‍ക്കചക്ഷിതി എന്ന് സംസ്കൃതനാമമുള്ള ഈ ദേശത്ത് മുഖ്യമായും ഉള്‍പ്പെട്ടിരുന്നത് ഇന്നത്തെ വടകര താലൂക്കിലെ ഭാഗങ്ങളണ്. കോരപ്പുഴ തൊട്ട് മയ്യഴി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. വടകരയ്ക്ക് കിഴക്കുഭാഗത്തുള്ള കുറ്റിപ്പുറം എന്ന സ്ഥലത്തായിരുന്നു ഇതിന്റെ ആസ്ഥാനം (ഇത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം അല്ല). കോഴിക്കോടിനടുത്തുള്ള വരയ്ക്കല്‍ ആയിരുന്നു ആദ്യത്തെ തലസ്ഥാനം. സാമൂതിരിയുടെ രാജ്യത്തിന്റെ വടക്കേ കരയായത് കൊണ്ടാണ് ഇത് വടകരയായി മാറിയത്. ഒരു കാലത്ത് കോലത്തുനാടിന്റെ ഭാഗമായിരുന്നു.
കളരി അഭ്യാസത്തിന‍് പ്രശസ്തമാണ‍് കടത്തനാട്. ഉണ്ണിയാര്‍ച്ച, ആരോമല്‍ ചേകവര്‍ തുടങ്ങിയവരിലൂടെ പ്രശസ്തമായ പുത്തൂരം വീട് എന്ന ഈഴവ (തീയ്യര്‍) തറവാടും തച്ചോളി ഒതേനന്‍ തുടങ്ങിയവരിലൂടെ പ്രശസ്തമായ തച്ചോളി മാണിക്കോത്ത് എന്ന നായര്‍ തറവാടും ഇവിടെ ആയിരുന്നു. ലോകനാര്‍കാവ് ക്ഷേത്രം പ്രസിദ്ധമായത് കടത്തനാടന്‍ കളരിക്കാരിലൂടെയാണ്. വടക്കന്‍ പാട്ടുകളിലെ പുത്തൂരം പാട്ടുകളും തച്ചോളി പാട്ടുകളും കടത്തനാടിന്റെ (വടകരയുടെ) സ്വന്തമാണ്.
കോട്ടയം രാജവംശം
കോലത്തുനാടിന്റെ അധീനതയില്‍പ്പെട്ടിരുന്ന കോട്ടയം ക്രമേണ തലശ്ശേരി താ‍ലൂക്കി‍ന്റെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലാക്കി. ഒരു കാലത്ത് കുടക് അതിര്‍ത്തിയോളം ഭരണം വ്യാപിച്ചിരുന്നു. ക്രമേണ കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ മൂന്ന് ശാഖകളായി ഈ വംശം പിരിഞ്ഞു. ആദ്യത്തേത് രണ്ടും കോട്ടയത്തും മൂന്നാമത്തേത് പഴശ്ശിയിലും താ‍മസമാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഇന്നത്തെ തലശ്ശേരിതാലൂക്കിലെ ഇടവഴിനാട് നമ്പ്യാന്മാരുടെ ഭരണത്തില്‍പ്പെടാത്ത ഭാഗങ്ങളുടേയും അധീശന്മാരായിരുന്നു കോട്ടയം രാജാക്കന്മാര്‍. ഗൂഡല്ലൂര്‍, ഉള്‍പ്പെട്ട വയനാട്, മുമ്പത്തെ കോഴിക്കോട്, കുറുമ്പ്രനാട് താലൂക്കുകളുടെ ഏതാനും ഭാഗങ്ങള്‍ ചേര്‍ന്ന താമരശ്ശേരി എന്നിവയും കോട്ടയം രാജ്യത്തില്‍പ്പെട്ടിരുന്നു. ബ്രിട്ടീഷുകാരുമായി പടവെട്ടി വീരമൃത്യുവരിച്ച കേരളവര്‍മ്മ പഴശ്ശിരാജാവ് , വാല്‍മീകി രാമായണം കിളിപ്പാട്ടിന്റെ കര്‍ത്താവ് കേരളവര്‍മ്മത്തമ്പുരാന്‍ , ആട്ടകഥാകാരന്‍ വിദ്വാന്‍ തമ്പുരാന്‍ എന്നിവര്‍ ഈ രാജകുടുംബത്തില്‍ നിന്നാണ്.
കുറങ്ങോത്ത് രാജ്യം
തലശ്ശേരിക്കും, മയ്യഴിക്കും മദ്ധ്യേ രണ്ടു ഗ്രാമങ്ങള്‍ ചേര്‍ന്ന പ്രദേശമായിരുന്നു കുറങ്ങോത്ത് രാജ്യം. ഇവിടത്തെ ഭരണാധികാരി കുറങ്ങോത്ത് നായര്‍ എന്നറിയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ ഏറ്റുമുട്ടുന്നതിന് സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി കൊടുത്തത് കുറുങ്ങോത്ത് നായരായിരുന്നു. 1787ല്‍ കുറുങ്ങോത്ത് നായരെ ടിപ്പു സുല്‍ത്താന്‍ തടവിലാക്കി തൂക്കികൊന്നു. 1803നും 1806നും ഇടക്ക് ഈ ദേശം ബ്രിട്ടീഷ് മലബാറിനോട് ചേര്‍ത്തു.
രണ്ടുതറ
പോയനാട് എന്നുകൂടി പേരുള്ള രണ്ടുതറ, ഇന്നത്തെ കണ്ണൂര്‍ താലൂക്കിന്റെ ചിലഭാഗങ്ങള്‍ ചേര്‍ന്നതാണ്. എടക്കാട്‌, അഞ്ചരക്കണ്ടി, മാവിലായി മുതലായ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കോലത്തുനാടിന്റെ ഭാഗമായിരുന്ന രണ്ടുതറ ആദ്യം ഭരിച്ചിരുന്നത് അച്ഛന്മാര്‍ എന്ന നാലു നായര്‍ തറവാട്ടുകാരാ‍യിരുന്നു. 1741-ല്‍ രണ്ടുതറ അച്ചന്മാര്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രത്യേക സംരക്ഷണയിലായിരുന്നു.
അറയ്ക്കല്‍ രാജവംശം
കണ്ണൂര്‍ നഗരം കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന അറയ്ക്കല്‍ കുടുംബത്തിന്റെതായിരുന്നു. മരുമക്കത്തായ സമ്പ്രദായമാണ് ഇവര്‍ പിന്തുടര്‍ന്ന് പോന്നത്. അതു സ്ത്രീയാണെങ്കില്‍ ബീവി എന്നും പുരുഷനാണെങ്കില്‍ അലി എന്നും വിളിച്ചിരുന്നു. കോലത്തിരിയുടെ മന്ത്രിയാ‍യ അരയന്‍ കുളങ്ങര നായര്‍ ഇസ്ലാം മതത്തില്‍ ചേരുകയും, കോലത്തിരി കോവിലകത്തെ ഒരു രാജകുമാരിയുമായി പ്രേമബദ്ധരാകുകയും ചെയ്തു. അവരുടെ വിവാഹം രാജാവുതന്നെ നടത്തികൊടുക്കുകയും, രാജകീയആഡംബരങ്ങളോടെ ഒരു കൊട്ടാ‍രം പണിയിച്ച് താമസിപ്പിക്കുകയും ചെയ്തു. ഇതോടെ കണ്ണൂര്‍ നഗരത്തിന്റെ ആധിപത്യം അറയ്ക്കല്‍ കുടുംബക്കാര്‍ക്കായി. വടക്കേമലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തക ഇവര്‍ കരസ്ഥമാക്കി. 1772ല്‍ ഡച്ചുകാരില്‍ നിന്നും കണ്ണൂര്‍ കോട്ട കരസ്ഥമാക്കി. ബ്രിട്ടീഷുകാരുമായി ബീവി ഉണ്ടാക്കിയ കരാര്‍ പ്രകാരം മിനിക്കോയി, അമേനി, ലക്ഷദ്വീപ് എന്നിവ ബ്രിട്ടീഷ് ആധിപത്യത്തിലായി. ബീവി പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്ന് അടിത്തൂണ്‍ പറ്റി.
നീലേശ്വരം രാജവംശം
സാമൂതിരികോവിലകത്തെ ഒരു രാജകുമാരിയും, ഒരു കോലത്തുനാട്ടുരാജാവുമുണ്ടായ പ്രേമബന്ധത്തില്‍ നിന്നാണ് ഈ വംശം നിലവില്‍ വന്നത്. പണ്ടത്തെ നീലേശ്വരം രാജ്യമാണ് ഇന്നത്തെ ഹോസ്ദുര്‍ഗ് താലൂക്ക് . വെങ്കടപ്പനായ്ക്കന്റെ (1582-1629) കീഴില്‍ തെക്കന്‍ കാനറയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ബഡ്നോര്‍ നായ്ക്കന്മാര്‍ (ഇക്കേരി നായ്ക്കന്മാര്‍) 17-18 നൂറ്റാണ്ടുകളില്‍ നീലേശ്വരം ആക്രമിച്ചു നിയന്ത്രണത്തിലാക്കി. നീലേശ്വരം രാജാവ് ശിവപ്പനായ്ക്കന് (1645-1660) കപ്പം കൊടുത്തിരുന്നു. സോമശേഖരന്‍ നായ്കന്‍(1714-1739) നീലേശ്വരം സ്വന്തം രാജ്യത്തോട് ചേര്‍ത്ത് ഹോസ്ദുര്‍ഗ്കോട്ട നിര്‍മ്മിച്ചു. ബ്രിട്ടീഷുകാര്‍ തെക്കന്‍ കാനറായില്‍ ആധിപത്യം ഉറപ്പിച്ചതോടെ നീലേശ്വരം അവരുടെ നിയന്ത്രണത്തിലായി.
കുമ്പള ദേശം
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്താണ് ഈ രാജ്യം. മായ്പ്പാടി കോവിലകത്തെ രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്, ഇന്നത്തെ കാസര്‍കോഡ് താലൂക്കിന്റെ ഏറിയഭാഗവും ഈ രാജ്യത്തുള്‍പ്പെട്ടിരുന്നു. വിജയനഗരരാജാക്കന്മാരുടെ ആധിപത്യകാലത്ത് അവരുടെ കീഴിലും കാസര്‍കോഡ് പ്രദേശങ്ങളില്‍ ബഡ്നോര്‍ രാജാക്കന്‍മാര്‍ പടയോട്ടം നടത്തിയപ്പോള്‍ അവരുടെ ആധിപത്യത്തിലുമായി. പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്നും അടിത്തുണ്‍ പറ്റി.
0 Responses

Post a Comment

Bookmark and Share
Subscribe RSS © കേരള പി എസ് സി | മലയാളം